Vidyarambham :9446061160, Offerings: 9846151002 Information: 97440 01109
Change Language
മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ട്
പൂരമഹോത്സവം
ആവണംകോട് പൂരം മീനമാസത്തിലാണ് നടക്കുന്നത്. 10 ദിവസം നീണ്ടു നിൽക്കുന്ന പൂരമഹോത്സവത്തിന്റെ ഭാഗമായി വിശേഷ പൂജകളും, താന്ത്രിക കർമ്മങ്ങളും, ആറാട്ടും, എഴുന്നള്ളിപ്പും, മനക്കൽ പൂരവും, വിവിധ കലാപരിപാടികളും നടക്കും. ദശാബ്ദങ്ങൾക്കു മുൻപ് ആവണംകോട് നിന്നും ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിപ്പ് നടന്നിരുന്നു.
കൊടിയേറ്റ്
മീനമാസത്തിലെ ഉത്രം നാളിൽ ആറാട്ട് വരുന്ന രീതിയിൽ 10 ദിവസം കണക്കാക്കി ഉത്സവം കൊടിയേറുന്നു. കൊടിമരം ആക്കാൻ പാകത്തിലുള്ള അടക്കാ മരം മുറിച്ചെടുത്ത്, ദേവീ നാമം ചൊല്ലി തെക്ക് കിഴക്ക് ഭാഗത്തുള്ള ദേവസ്വം മണ്ണിൽ തൊടീച്ച്, നാടു ചുറ്റി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ കവാടം വഴി എത്തിക്കുന്ന ചടങ്ങ് അതി പുരാതനവും, പ്രത്യേകത നിറഞ്ഞതുമാണ്. ക്ഷേത്രത്തിലെത്തിക്കുന്ന അടക്കാമരം ആവണംകോട് ആശാരിമാരിൽ നിയുക്ത കുടുംബക്കാർ ചെത്തി ഒരുക്കി കൊടിമരമാക്കി മാറ്റുന്നു. ആലിന്റെ ഇലയും, മാവിന്റെ ഇലയും വെച്ച് കെട്ടി അലങ്കരിക്കുന്ന കൊടിമരം നാട്ടുകാർ ചേർന്നു ക്ഷേത്രത്തിനു മുൻപിൽ കുഴിച്ചിടുന്നു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ കാർമ്മിക പൂജാദികൾക്ക് ശേഷം ഉത്സവം കൊടിയേറുന്നു. 2024 ൽ മാർച്ച് 16 നാണ് കൊടിയേറ്റ്.
പൂരം
മാർച്ച് 21 നാണ് പൂരം. പകൽ പൂരവും രാത്രി പൂരവും ഉണ്ട്. രാത്രിയാണ് എഴുന്നളിപ്പ്. പകൽ പൂരം ക്ഷേത്ര മതിലിനു പുറത്താണ് പതിവ്. രാത്രി പൂരം ക്ഷേത്ര മതിനകത്താണ്. കൊമ്പുപറ്റും, പാണ്ടി മേളവും, പഞ്ചവാദ്യവും ഉണ്ടാകും. പരിശു കൊട്ട് എന്ന അതി പുരാതന കൊട്ട് രീതിയോടെയാണ് പൂരം അവസാനിക്കുന്നത്.
മനക്കൽ പൂരം
മാർച്ച് 24 നാണ് മനക്കൽ പൂരം. ക്ഷേത്ര ഊരാള കുടുംബമായ ആവണംകോട് മൂത്തമനയിലേക്ക് എഴുന്നള്ളുന്ന ദിവസമാണ് മനക്കൽ പൂരം. മനക്കൽ ഇറക്കി പൂജയുടെ അടയും അപ്പവും വഴിപാട് ശ്രേഷ്ഠമാണ്. വർഷങ്ങളായി മുടങ്ങി കിടന്ന മനക്കൽ പൂരം ഈ അടുത്ത കാലത്താണ് പുനരാരംഭിച്ചത്.
ആറാട്ട്
മാർച്ച് 25 നാണ് ആറാട്ട്. ആറാട്ടിന് കൊടിക്കൽ പറ പ്രധാനമാണ്. ക്ഷേത്ര കുളത്തിലെ ആറാട്ടിന് ശേഷം പറയെടുപ്പിനും പൂജക്കും ശേഷം ഉത്സവം കൊടിയിറങ്ങും.